എല്ലാ വര്‍ഷവും മീനമാസത്തിലെ പൂരം നാളുകളില്‍ ശ്രീ ചാല ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടുന്നു. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഈ പൂരമഹോത്സവം ക്ഷേത്രം തന്ത്രി ശ്രീ കാട്ടുമാഠം അവര്‍കളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി ആറാട്ടോടെ സമാപിക്കുന്നു.
ഇരട്ട തിടമ്പെഴുന്നള്ളത്ത്, അമ്മൂലമ്മ സന്നിധാനത്തില്‍ എഴുന്നള്ളത്, ചാക്യാര്‍ കൂത്ത്, കാലത്തിലരിയും പാട്ടും, ശ്രീ ഭൂതബലി, കളപൂജ, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, അമ്മൂലമ്മ സന്നിധാനത്തില്‍ കൂടിപിരിയല്‍ ചടങ്ങ്, നവകാഭിഷേകം, പൂരക്കുളി,ആറാട്ട് എന്നീ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഉത്സവ ദിവസങ്ങളുടെ പ്രത്യേക കഥയാണ്. ഉത്സവദിവസങ്ങളില്‍ ഭക്തജനങ്ങളുടെ വകയായ അന്നദാനവും നടക്കാറുണ്ട്.
കണ്ടോത്ത് ,ആയില്യത്ത്, അരേത്ത് , പള്ളിയത്ത് എന്നീ തറവാട്ടുകാരുടെ ഊരായ്മയിലുള്ള ഈ ക്ഷേത്രം ഇപ്പോള്‍ ഹിന്ദു മത ധര്‍മ്മ സ്ഥാപന വകുപ്പിന്‍റെ കീഴിലാണ്. അതിപുരാതനമായ ഈ ക്ഷേത്രത്തിലെ ഉത്സവവും നവീകരണപ്രവര്‍ത്തനങ്ങളും ക്ഷേത്രസംരക്ഷണ സമിതിയും വര്‍ഷാവര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കുന്ന പൂരോത്സവക്കമ്മറ്റിയും സംയുക്തമായാണ് നടത്തുന്നത്.
ഗുരുതീപൂജയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. അഭീഷ്ട സിദ്ധിയും കാലാകാലങ്ങളിലുള്ള കഷ്ടതകള്‍ അകറ്റുന്നതിനും പടിഞ്ഞാറെ നടയില്‍ ഭദ്രകാളീ സന്നിധിയില്‍ ഗുരുതീ പൂജ കഴിക്കുക വഴി സാധ്യമാവുന്നു.മനശുദ്ധിയും, ദേഹശുദ്ധിയും, കര്‍മ്മശുദ്ധിയും പാലിക്കുന്നതോടൊപ്പം ഭദ്രകാളീപ്രീതിയും ഗുരുതീപൂജയാല്‍ സാധ്യമാവുന്നു. ധനധാന്യ സമൃദ്ധിക്കും, സര്‍വ്വ ഐശ്വര്യത്തിനുമായി ഗുതീപൂജയോളം പ്രാധാന്യമുള്ള മറ്റൊരു വഴിപാടാണ് നിറമാല.സര്‍വ്വദോഷങ്ങളും, സര്‍വ്വപാപങ്ങളും ശമിപ്പിച്ച് സമൃദ്ധവും, സമാധാന പൂര്‍ണ്ണവുമായ ജീവിതം നയിക്കുവാന്‍ ഭക്തര്‍ നിറമാല വഴിപാട് നല്‍കിയാല്‍ ആഗ്രഹ സാഫല്യം തീര്‍ച്ച തന്നെ.
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഭഗവതീ ക്ഷേത്രങ്ങളില്‍ പ്രാധാന്യം.ഈ ദിവസങ്ങളിലാണ് ഗുരുതീ പൂജ, നിറമാല എന്നിവ നടക്കുന്നത്.
ഉത്സവ ദിവസങ്ങളില്‍ പട്ട് ഒപ്പിച്ച് തൊഴുക വഴി സര്‍വ്വ വിഘ്നോപശാന്തിയും ദേവീകടാക്ഷവും, സര്‍വ്വോപരി രോഗശാന്തിയും കൈവരുന്നു.
പരാശക്തി ദുര്‍ഗ്ഗ ഭഗവതി, ശ്രീ ഭദ്രകാളി,പേരുംതൃക്കോവിലപ്പന്‍, ശ്രീ അമ്മൂലമ്മ സന്നിധാനം എന്നീ ചൈതന്യങ്ങള്‍ കുടികൊള്ളുന്ന ശ്രീ ചാല ഭഗവതീക്ഷേത്രം എന്ന പുണ്യതീര്‍ഥാടന കേന്ദ്രത്തില്‍ ശരീരശുദ്ധിയോടും, മനശുദ്ധിയോടും ആത്മാര്‍ഥമായി മനമുരുകി പ്രാര്‍ത്തിക്കുന്നതും, വഴിപാട് നല്‍കുന്നതും ശ്രേയസ്കരവും, പുണ്യദായകവുമാണെന്ന് ഭക്തരുടെ അനുഭവങ്ങള്‍ തെളിയിക്കുന്നു.